ചെറുപുഴ: റബർ, തേങ്ങ, അടയ്ക്ക എന്നിവയുടെ വിലയിടിഞ്ഞപ്പോൾ കർഷകർ പ്രതീക്ഷയർപ്പിച്ച് ആരംഭിച്ച പഴവർഗ കൃഷിയിലെ റംബുട്ടാനും പ്രതിസന്ധിയിൽ. കായകൾ കൊഴിയുന്നതാണ് റംബുട്ടാൻ കർഷകരെ നിരാശയിലുമാക്കുന്നത്. വിലയും ഇടിഞ്ഞു. നേരത്തെ കിലോയ്ക്ക് 350 രൂപ വരെ ലഭിച്ചിടത്ത് ഇപ്പോൾ 250 രൂപയോളമേ കിട്ടുന്നുള്ളൂ. മഴക്കാലമായാൽ ഇനിയും വില കുറഞ്ഞേക്കുമെന്ന് കർഷകനായ പ്രാപ്പൊയിലിലെ മുക്കാട്ട് ജോസ് പറയുന്നു.
കുമിൾബാധ ഉൾപ്പെടെയുള്ള രോഗങ്ങളും കിളികളുടെ ശല്യവും റംബുട്ടാൻ കൃഷിയെ ബാധിക്കുന്നുണ്ട്. അമിതമായ ചൂട്, മഴ എന്നിവയും മണ്ണിലെ അമ്ലത്വം, എൻപികെ വളങ്ങളുടെ അഭാവം, ആവശ്യമായ മൂലകങ്ങൾ ലഭിക്കാതെ വരുന്നത് എന്നിവയാകാം റംബുട്ടാൻ കൃഷിയെ ഇപ്പോൾ ബാധിക്കാനിടയായ പ്രശനമെന്ന് ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂവിട്ടിരുന്ന റംബുട്ടാൻ ചെടികളിൽ ഇത്തവണ പൂവിടൽ വൈകിയതിനൊപ്പം കായകൾ പാകമാകുന്നതിനു താമസം നേരിടുകയും ചെയ്തു. ഇപ്പോൾ കായകൾ വ്യാപകമായി പൊഴിയുകയാണ്.
മറ്റ് കാർഷിക വിളകളുടെ വിലയിടിവിനെ തുടർന്നാണ് റംബുട്ടാൻ, മാങ്കോസ്റ്റിൻ, ഫുലാസാൻ, അവക്കാഡോ എന്നിവയുടെ കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്. മൂന്നാം വർഷം മുതൽ വിളവെടുപ്പ് നടത്താമെന്നതായിരുന്നു പഴവർഗ കൃഷിയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിച്ചത്. ആദ്യകാലങ്ങളിൽ റംബുട്ടാനിൽ നിന്ന് മികച്ച വരുമാനവും ലഭിച്ചിരുന്നു. ഇപ്പോൾ മിക്ക വീടുകളിലും റംബുട്ടാൻ നട്ടുവളർത്തുന്നതും വിലയിടിവിന് കാരണമാണ്.